Wednesday, October 10, 2007

മാഡം എലിസബത്തും എന്റെ കാറും..

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ സ്വന്തം കേരളത്തിന്റെ തലസ്ഥാനത്തു ജോലി ചെയ്തിരുന്ന കാലം.അന്നൊക്കെ ചെറുപ്പമായിരുന്നതു കൊണ്ട്‌ കയ്യും മെയ്യും മറന്നു ജോലി ചെയ്ത സമയം ആയിരുന്നു.വിശപ്പും ദാഹവും ഒക്കെ മറന്നു ജോലി ചെയ്യുന്ന സമയം. ഓഫീസ്‌ വീടായി മാറിക്കൊണ്ടിരിക്കുന്ന കാലം.അന്നൊക്കെ ചിലപ്പോള്‍ ഓഫീസില്‍ കാറില്‍ വരുമായിരുന്നു.ചുമ്മാ ഒരു ജാടക്ക്‌.അന്നു പതിവില്ലാതെ നേരത്തെ ജോലി ഒക്കെ തീര്‍ത്തു 6.00 മണിക്കു ഇറങ്ങാന്‍ തുടങ്ങുവായിരുന്നു. അപ്പോഴാണ്‌ M.D യുടെ ഫോണ്‍. "അതെ ഈ റിപ്പോര്‍ട്ട്‌ കൂടെ തീര്‍ക്കണമല്ലോ".വീട്ടില്‍ അന്നെങ്കിലും നെരത്തെ എത്താമല്ലൊ എന്ന മോഹം ഒക്കെ മാറ്റി വച്ചു റിപ്പോര്‍ട്ടുമായി മല്ലിടാന്‍ തുടങ്ങി...സമയം പൊയതു അറിഞ്ഞേ ഇല്ല.ഏകദേശം 9.00 മണി ആയപ്പോള്‍ വയറില്‍ നിന്നും ആരൊ ഭക്ഷണമില്ലേ , ഭക്ഷണമില്ലേ എന്നു വിളിക്കുന്നു.ഞാന്‍ കാറുമെടുത്തു നേരെ വെള്ളയംബലത്തെ ഹോട്ടലിലേക്ക്‌.


ഹോട്ടലിനടുത്ത്‌ കാര്‍ പാര്‍ക്ക്‌ ചെയ്തു ഹോട്ടലില്‍ കയറി പെറോട്ട , ചിക്കെന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്തു. പെറോട്ടയും നല്ല ചൂടുള്ള ചിക്കന്‍ കറിയും ഒക്കെ കണ്ടപ്പൊള്‍ എല്ലാം മറന്നു ഞാനും ചിക്കനും പെറോട്ടയും മാത്രമുള്ള ഒരു ലോകത്തേക്കു തല്‍കാലം യാത്രയായി.അങ്ങനെ 1/2 മണിക്കൂര്‍ കഴിഞ്ഞ്‌ ചിക്കന്‍ ഒക്കെ കഴിച്ചു ബില്ലും കൊടുത്തു വെളിയില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ കണ്ടതോ....ഹോട്ടലിനു മുന്‍പില്‍ ഒരു സിനിമ ഷൂട്ടിങ്ങു കാണാനെന്ന പോലെ ആള്‍ക്കാര്‍ കൂടിയിട്ടുണ്ട്‌.2-3 പോലീസ്‌ ജീപ്പ്പും ഉണ്ട്‌.ഇതേതു സിനിമയുടെ ഷൂട്ടിങ്ങാണെന്നു നോക്കാനായി കുറച്ചു മുന്‍പോട്ടു നീങ്ങിയപ്പോള്‍ കണ്ട കാഴ്ച എന്റെ സകല ഞാടി ഞരംബുകളേയും കോരിത്തരിപ്പിക്കുന്നതായിരുന്നു.


ബില്‍ഡിംഗ്‌ പണി ഒക്കെ നടക്കാറുള്ളപ്പോള്‍ കാണുന്ന ഒരു വലിയ ക്രെയിനില്‍ എന്റെ കാര്‍ തൂങ്ങി കിടക്കുന്നു...എനിക്കു ഒന്നും മനസ്സിലായില്ല.അപ്പോള്‍ എന്റെ കാര്‍ എന്നു പറഞ്ഞു പാഞ്ഞു ചെന്നാല്‍ അവിടെയുള്ള 2-3 പോലീസ്‌ ജീപ്പ്പിലെ പൊലിസുകാരെല്ലാം എന്നെയും എന്റെ അഛനേയും ഒക്കെ സ്നേഹത്തോടെ സംബോധന ചെയ്യും എന്നതു കൊണ്ട്‌ ഞാന്‍ പതുക്കെ കാഴ്ച കണ്ടു രസിച്ചിരിക്കുന്ന ഒരാളിനോടു കാര്യം തിരക്കി.അപ്പൊഴല്ലേ കാര്യം അറിയുന്നത്‌...


അന്നു നമ്മുടെ ഇപ്പൊഴത്തെ ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ആന്റണി കേരളത്തിന്റെ ചീഫ്‌ മിനിസ്റ്റര്‍ ആയിരിക്കുന കാലം.നമ്മുടെ CM ന്റെ പത്നി മാഡം എലിസബത്‌ ആന്റണി വൈകുന്നേരം ഏതോ ബന്ദു വീട്‌ സന്ദര്‍ശത്തിനു ഇറങ്ങിയതാ.അവര്‍ക്കു പൊകേണ്ടിയിരുന്നതു മെയിന്‍ റോഡില്‍ നിന്നു ഒരു സൈഡ്‌ റോഡിലേക്കാണ്‌.അന്നു നമ്മുടെ നാട്ടില്‍ ലോഡ്‌ ഷെഡ്ഡിംഗ്‌ ഉണ്ടായിരുക്കുന സമയം.ഞാന്‍ ഹോട്ടലില്‍ കഴിക്കാന്‍ പൊകുന്നതിനു മുമ്പ്‌ കാര്‍ പാര്‍ക്ക്‌ ചെയ്തതു മെയിന്‍ റോഡില്‍ നിന്നു സൈഡ്‌ റോഡിലേക്കു പോകാനുള്ള വഴി മുഴുവന്‍ കവര്‍ ചെയ്തു അവിടെ അങ്ങനെ ഒരു റോഡേ ഇല്ലെന്നു തൊന്നിപ്പിക്കും വിധം.ഇരുട്ടത്തു അവിടെ ഒരു സൈഡ്‌ റോഡ്‌ ഉണ്ടെന്നു ദൈവം തംബുരാനു പൊലും മനസ്സിലാവില്ല എന്നതു വേറെ കാര്യം.


എന്തായാലും നമ്മുടെ എലിസബത്‌ മാഡം 4-5 മിനിട്ട്‌ റോഡില്‍ കിടന്നു.പിന്നെ അവരെന്തു ചെയ്യും. എന്തായാലും നാടു ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഭാര്യ അല്ലേ.അവര്‍ പൊലിസ്‌ കണ്ട്രോള്‍ റൂമിലേക്കു വിളിക്കുന്നു.കണ്ട്രോള്‍ റൂമില്‍ നിന്നു നാലുപാടും മെസ്സേജ്‌ തുരുതുരാ പായുന്നു.CM ന്റെ പത്നിയെ ആരൊ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു !!!..തിരുവനന്തപുരത്തെ എല്ലാ സ്റ്റേഷനില്‍ നിന്നും പോലീസ്‌ ജീപ്പ്പുകള്‍ പാഞ്ഞ്‌ എത്തുന്നു.ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന അവസരം അല്ലേ.വിട്ടു കളയാന്‍ പറ്റുമോ.വന്ന പോലീസ്‌ വണ്ടികള്‍ മൊത്തം ഹോണ്‍ അടിക്കുന്നു.ഇതൊക്കെ ഞാന്‍ എവിടന്ന്‌ അറിയാന്‍.ഹോട്ടലിനകത്തു ചിക്കനുമായി മല്ലടിക്കുവല്ലേ.ഹോണ്‍ അടിച്ചിട്ടും ആരെയും കാണാത്തതു കൊണ്ട്‌ ഉടന്‍ അവിടെ നിന്ന ഒരു S.I ഓര്‍ഡറിടുന്നു.വരട്ടേ ക്രെയിന്‍. പൊക്കട്ടെ കാറിനെ !!!..


കാറിനെ അവിടെ നിന്നു പതുക്കെ തള്ളി നീക്കേണ്ട കാര്യമേ ഉള്ളൂ.ഇനി അതിനകത്തു വല്ല ബോംബ്‌ വല്ലതും ആണെന്നു വിചാരിച്ചു കാണും,.. അങ്ങനെ ക്രെയിന്‍ ഒക്കെ വന്നു നമ്മുടെ കാറിനെ ആഘോഷമായി പൊക്കുന്ന സീനറി ആയിരുന്നു ഞാന്‍ ഹോട്ടലില്‍ നിന്നു ഇറങ്ങിയപ്പൊള്‍ കണ്ടത്‌.

അവിടെ നിന്നു എന്റെ കാറാ എന്നൊക്കെ പറഞ്ഞാല്‍ CM ന്റെ പത്നിയെ തടയാന്‍ വന്ന വല്ല തീവ്രവാദി എന്നും പറഞ്ഞു എന്നെയും പിടിച്ചു അകത്തിടും എന്നതുകൊണ്ടു ഒന്നും പറയാതെ ഞാന്‍ അവിടെ നിന്നും മുങ്ങി.നേരെ ഓഫീസിലെത്തി എം.ഡിയുടെ അടുത്തു കാര്യം പറഞ്ഞു.പുള്ളി 2-3 ഫോണ്‍ കാള്‍സ്‌ ഒക്കെ നടത്തി സംഗതി ഒന്നു മയപ്പെടുത്തി.അങ്ങനെ ട്രാഫിക്‌ പോലീസ്‌ സ്റ്റേഷനില്‍ ചെന്നു ഫൈനും അടച്ചു രാത്രി 1.00 മണിയോടെ വീട്ടില്‍ എത്തി..


അതിനു ശേഷം പിന്നെ കാര്‍ പാര്‍ക്കു ചേയ്യുന്നതിനു മുന്‍പു രണ്ടു പ്രാവശ്യം ആലോചിക്കും . അടുത്തെങ്ങാനും ഒരു റോഡു പൊയീട്ടു ഒരു ഊടു വഴി എങ്കിലും ഉണ്ടെങ്കില്‍ അതിന്റെ പരിസരത്തു പൊലും പാര്‍ക്‌ ചെയ്യില്ല.അനുഭവം ഗുരു....

3 comments:

ശ്രീ said...

സുമുഖന്‍‌ ചേട്ടാ...

നല്ല അനുഭവം തന്നെ. അവര്‍‌ക്കു പകരം ഒരു സാധാരണക്കാരനായിരുന്നെങ്കിലോ... പോലീസും വരില്ല, ഒരുത്തനും വരില്ല.(കൂടിപ്പോയാല്‍‌ രണ്ടു ചീത്ത കേട്ടേക്കും)
ഹാ... അനുഭവം ഗുരു.
:)

മുസാഫിര്‍ said...

അന്തോണിച്ചേട്ടന്‍ തുമ്മുന്നതിനും മുന്‍പു ഇമേജ് നോക്കുന്ന ആളായിരുന്നല്ലോ.ഈ സംഭവം അറിഞ്ഞ് കാണില്ലായിരിക്കും.

കുടുംബംകലക്കി said...

തിരുവനന്തപുരത്ത് സൈഡ് റോഡില്ലല്ലോ, മുടുക്കല്ലേ ഉള്ളൂ? :)